‘അവസാനശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും’; ബിഗ് ബോസ് താരങ്ങളായ ആര്യയും സിബിനും വിവാഹിതരാവുന്നു

കൊച്ചി: നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച കഴിഞ്ഞു. ആര്യയും സിബിനും തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീർഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്സിലെത്തിയത്. അടുത്ത സുഹൃത്തുക്കളിൽ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്. ഒരു ലളിതമായ ചോദ്യത്തിലൂടെയും ജീവിതത്തിൽ ഇതുവരെ ഞാനെടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തിയെന്ന് നടി കുറിപ്പിൽ പറയുന്നു. ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും… നല്ലതിലും ചീത്തതിലും. പക്ഷേ ജീവിതകാലം മുഴുവൻ നമ്മൾ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ചാരി നിൽക്കുന്ന തോളായി മാറിയതിന്.. ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്.. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായതിന്.. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി കല്ലുപോലെ നിന്നതിന്.. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു.. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ ആനന്ദം കണ്ടെത്തി.. നിങ്ങളുടെ കൈകളിൽ ഞാൻ എന്റെ വീട് കണ്ടെത്തി,’-ആര്യ കുറിച്ചു. ‘ഞാൻ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകൾക്കും മികവുകൾക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page