ബദിയഡുക്ക: കോണ്‍ക്രീറ്റ് അടര്‍ന്നു വീണു ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തു നിന്ന രണ്ടു പേര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ് പുതുക്കിപ്പണിയാത്തതില്‍ പ്രതിഷേധിച്ചു. പൊതുപ്രവര്‍ത്തകന്‍ ഹാരിസ് ബദിയഡുക്കയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ ബീജന്തടുക്കയിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതു കൊണ്ട് യാത്രക്കാര്‍ വെയിലും മഴയുമേറ്റു വിഷമിക്കുന്നത്. ചെര്‍ക്കള-കല്ലഡ്ക്ക റോഡിലെ ഈ ബുദ്ധിമുട്ടു നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും പഞ്ചായത്തിനോടും മൂന്നു വര്‍ഷമായി പറഞ്ഞു മടുത്തതോടെയാണ് ജനങ്ങള്‍ നേരിട്ടു നാട്ടുകാരില്‍ നിന്നു പണം ശേഖരിച്ച് അവരുടെ ചെലവില്‍ ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നാട്ടുകാര്‍ പൈസ ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ അതിനു അനുമതി നല്‍കാന്‍ തങ്ങള്‍ക്കു സന്മനസാണെന്നു പി.ഡബ്ല്യു.ഡി അധികൃതര്‍ കമ്മിറ്റിയെ സന്തോഷത്തോടെ അറിയിച്ചു. പഞ്ചായത്ത് അത് കേള്‍ക്കാനോ മറുപടി പറയാനോ തയ്യാറായതുമില്ല.
അങ്ങനെ ജനകീയ കമ്മിറ്റിക്കു വേണ്ടി പൊതു പ്രവര്‍ത്തകന്‍ ഹാരിസ് കിസ്ബി അധികൃതരെ സ്ഥലത്തു കൂട്ടിക്കൊണ്ടു വന്നു. റോഡിനും യാത്രക്കാര്‍ക്കും ഭാവിയില്‍ തടസ്സമുണ്ടാകാത്ത രീതിയില്‍ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിനുള്ള ഉപദേശങ്ങള്‍ അദ്ദേഹം ഹാരിസിനു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോവാന്‍ നാട്ടുകാര്‍ തയ്യാറായിരിക്കുകയാണ്.
