ദേശീയപാത ടോള്‍ബൂത്ത്: കുമ്പളയില്‍ സര്‍വ്വകക്ഷി സമരസമിതി നൈറ്റ് മാര്‍ച്ച് ഇന്ന് (തിങ്കളാഴ്ച)

കുമ്പള: ദേശീയ പാതയുടെ ടോള്‍ബൂത്ത് കുമ്പളയില്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. അതനുസരിച്ചു ഇന്നു ഏഴുമണിക്ക് കുമ്പള ടൗണില്‍ നിന്നു ടോള്‍ ബൂത്തിലേക്കു നൈറ്റ് മാര്‍ച്ച് നടത്തും.
സര്‍വ്വകക്ഷി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തില്‍ സിപിഎം തിങ്കളാഴ്ച നടത്താനിരുന്ന പ്രക്ഷോഭം പിന്‍വലിച്ചു. ജനകീയ പ്രശ്‌നത്തില്‍ ഓരോ പാര്‍ട്ടിയും ഒറ്റക്കു സമരം ചെയ്താല്‍ പ്രതിഷേധം ദുര്‍ബലമാവാനേ അതിടയാക്കു എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടായ സമരത്തിനു തീരുമാനിച്ചത്.
ടോള്‍ബൂത്ത് നിര്‍മ്മാണ പ്രവര്‍ത്തനം ജനപ്രതിനിധികളുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് ഞായറാഴ്ച നിറുത്തിവയ്പിച്ചെങ്കിലും അപ്പോഴുണ്ടായ ജനകീയ പ്രതിഷേധത്തില്‍ ബിജെപിയുടെയും വ്യാപാരികളുടെയും പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പൊതു പ്രശ്‌നങ്ങളോടു മുഖം തിരിച്ചു നില്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സംഘടനകള്‍ക്കുള്ളിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

സമരക്കാരും ആരിക്കാടി സ്വദേശികളും ഏറ്റുമുട്ടി; പൊലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു

ടോള്‍ബൂത്ത് സമരം കഴിഞ്ഞു മടങ്ങുകയായിരുന്ന സമരസമിതി പ്രവര്‍ത്തകരും ആരിക്കാടി കടവത്ത് സ്വദേശികളും തമ്മില്‍ ഞായറാഴ്ച വൈകിട്ട് ഉണ്ടായ വാക്കേറ്റം കൈയ്യാങ്കളിയുടെ വക്കിലെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുകൂട്ടരെയും വിരട്ടിവിട്ടു.
ടോള്‍ബൂത്ത് കൊണ്ടു നാട്ടുകാരായ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നിരിക്കെ കുമ്പളക്കാരും മറ്റും എന്തിനാണതിനെ എതിര്‍ക്കുകയും നാട്ടില്‍ അസ്വസ്ഥതയുണ്ടാക്കുന്നതുമെന്ന് ആരിക്കാടി സ്വദേശികള്‍ ആരാഞ്ഞതാണ് വാക്കേറ്റം ചൂടുപിടിക്കാന്‍ കാരണമായതെന്നു പറയുന്നു.
ടോള്‍ബൂത്ത് ആരിക്കാടിയില്‍ യാഥാര്‍ത്ഥ്യമായാല്‍ ആരിക്കാടിയിലെ 100 യുവാക്കള്‍ക്ക് അവിടെ ജോലി നല്‍കുമെന്നും അതു സര്‍ക്കാര്‍ ജോലിയായിരിക്കുമെന്നും നാട്ടുകാര്‍ വെളിപ്പെടുത്തിയതായും അതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ജനദ്രോഹത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തെ തകര്‍ക്കാന്‍ നടത്തിയ സൂത്രപ്പണിയാണിതെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തിയതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
കുമ്പള പാലത്തിനും ആരിക്കാടി കടവത്തിനുമിടയിലാണ് ടോള്‍ ബൂത്ത് സ്ഥാപിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ടോള്‍ ബൂത്തിനു പില്ലര്‍ സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ സമരക്കാര്‍ ഇന്നലെ മണ്ണിട്ടു നികത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page