ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികളായ സഹോദരങ്ങള്‍ സംഭവസ്ഥലത്തു നിന്നു ആദ്യം എത്തിയത് വേലക്കുന്നില്‍, വേഷം മാറിയ ശേഷം കുണ്ടംകുഴിയിലെത്തി കിടന്നുറങ്ങി, പുലര്‍ച്ചെ സ്വകാര്യ ബസില്‍ കയറി കാസര്‍കോട്ടെത്തി ചികിത്സ തേടി, വിഷ്ണുവും ജിഷ്ണുവും പിടിയിലായത് കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ച്, തിരിച്ചറിയാതിരിക്കുവാന്‍ ഇരുവരും താടി വളര്‍ത്തി

കാസര്‍കോട്: മുന്നാട്, അരിച്ചെപ്പില്‍, അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരമറിഞ്ഞ് എത്തിയ നാട്ടുകാരനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കന്യാകുമാരിയില്‍ അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച രാവിലെ ബേഡകത്ത് എത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
കോട്ടയം സ്വദേശികളും മുന്നാട്, അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസില്‍ സ്ഥിരം താമസക്കാരും സഹോദരങ്ങളുമായ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), വിഷ്ണു സുരേഷ് (25) എന്നിവരെ ഞായറാഴ്ചയാണ് കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അക്രമ സംഭവത്തിനു ശേഷം ഒളിവില്‍ പോയതിനെ കുറിച്ച് അറസ്റ്റിലായ പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെ- ”അരിച്ചെപ്പില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ തങ്ങള്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ പരാതി പറയാനൊന്നും നില്‍ക്കാതെ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യമെത്തിയത് വേലക്കുന്നിലാണ്. അവിടെ വച്ച് വസ്ത്രങ്ങള്‍ മാറ്റി കാല്‍നടയായി കുണ്ടംകുഴിയിലെത്തി. ബസ് വെയ്റ്റിംഗ് ഷെഡില്‍ പുര്‍ച്ചെ വരെ ഉറങ്ങിക്കിടന്നു. പുലര്‍ച്ചെ 5.30നുള്ള സ്വകാര്യ ബസില്‍ കയറി കാസര്‍കോട്ടെത്തി. ഒരു ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടിയ ശേഷം ട്രെയിന്‍ കയറി കോട്ടയത്തേക്ക് പോയി. പൊലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയാണ് കന്യാകുമാരിയിലേക്ക് രക്ഷപ്പെട്ടത്. അവിടെ ഒരു ലോഡ്ജില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തിയത്. ഇതിനിടയില്‍ ബേഡകത്തെ ഒരാള്‍ക്ക് അബദ്ധത്തില്‍ മിസ് കോള്‍ പോയി.”-സഹോദരങ്ങള്‍ വിശദീകരിച്ചു.
ഒളിവില്‍ പോയ പ്രതികളില്‍ ഒരാളുടെ മിസ് കോള്‍ ലഭിച്ച ആള്‍ വിവരം ബേഡകം പൊലീസിനെ അറിയിച്ചു. ഈ സമയത്ത് അന്വേഷണ സംഘം പ്രതികളെ തേടി കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ഒളിത്താവളം തിരിച്ചറിഞ്ഞ പൊലീസ് സംഘം കന്യാകുമാരിയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി ബേഡകം പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇക്കാര്യം മണത്തറിഞ്ഞ പ്രതികള്‍ തങ്ങളെ തിരിച്ചറിയാതിരിക്കുന്നതിന് താടി വളര്‍ത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page