കാസര്‍കോട്: അറിവുണ്ടായത് കൊണ്ടുമാത്രം ആയില്ലെന്നും ഹൃദയം നിറയെ അലിവുണ്ടാവണമെന്നും അഖിലേന്ത്യാ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാദര്‍ ഡേവിസ് ചിറമേല്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലിവാര്‍ന്ന ഹൃദയങ്ങളുള്ള ഒരുകൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ’75 മേറ്റ്‌സ്’ എന്നും അവരുടെ സേവന പട്ടിക കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും ഫാദര്‍ പറഞ്ഞു. തന്നെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ഗുണം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദു:ഖങ്ങളില്‍ അടയിരിക്കാതെ എല്ലാ പ്രതിസന്ധികളെയും തനിക്ക് മറിക്കടക്കാന്‍ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിക്കാന്‍ കഴിയണം. ‘നോ’ എന്ന വാക്കിനര്‍ത്ഥം ഇല്ല എന്നും കഴിഞ്ഞുവെന്നും അല്ല. നെക്സ്റ്റ് ഓപ്പര്‍ച്യുണിറ്റി എന്നാണ് നോ എന്ന വാക്കിന്റെ പൂര്‍ണപദം. ഒരു വാതില്‍ അടഞ്ഞൂവെന്ന് കരുതി എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ലെന്നും അടുത്ത വാതിലിലൂടെ ലക്ഷ്യത്തിലേക്ക് നടന്നുകയറാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.എ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.എ ഖാലിദ് , എം.എ ലത്തീഫ് സുവര്‍ണ ജൂബിലി ആഘോഷ പദ്ധതികള്‍ വിശദീകരിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥികളായിരുന്നു. ഡോ. മുഹമ്മദ് ഉണ്ണി എന്ന മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ടി.എ ഷാഫി, ടി.എ മുഹമ്മദ് കുഞ്ഞി , എം.എ അഹമ്മദ് , പി.എം കബീര്‍പ്രസംഗിച്ചു. .
