കാസർകോട്: കിടപ്പുമുറിയുടെ വാതിൽ ലോക്കായതിനെ തുടർന്ന് അകത്തുണ്ടായിരുന്ന ഒന്നര വയസ്സുകാരിയെ രക്ഷിച്ച് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാത്രി ഏഴരയോടെ കാസർകോട് നഗരത്തിലെ താലങ്ങാടിയിലാണ് സംഭവം. സ്കൂളിനു സമീപത്തെ മുഹമ്മദ് സനാഹ് എന്നിവരുടെ മകൾ ഫിതറാ അസിയ എന്ന കുട്ടിയാണ് റൂമിൽ അകപ്പെട്ടത്. മാതാവ് ഉറക്കാൻ കിടത്തിയ സമയത്ത് അബദ്ധത്തിൽ വാതിൽ ലോക്കാവുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ കാസർകോട് അഗ്നിര ക്ഷാസേനയെ വിളിക്കുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിൽ തുറന്ന് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. അത് വരെയും കുഞ്ഞ് അകത്തുനിന്ന് കരഞ്ഞ് നിലവിളിക്കുകയായിരുന്നു. വാതിൽ തുറന്ന് മാതാവിനെ കണ്ടതോടെ കുട്ടി ശാന്തയായി. ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ വികെ ഷൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി അമൽരാജ്, കെ വി ജിതിൻ കൃഷ്ണൻ, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഓ കെ അനുശ്രീ, ഹോം ഗാർഡ് എസ് സോബിൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
