കാസര്‍കോട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിലെ ഉദിനൂരിലെ ഒരു യുവതി നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി ദമ്പതികളായ കോഴിക്കോട്, വടകര സ്വദേശിനി ഷഫറിന്‍, ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ യുവതി ഷഫറിനെ പരിചയപ്പെട്ടത്. പിന്നീട് കുടുംബസുഹൃത്തുക്കളായി മാറി. യുഎഇയില്‍ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരി പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള വരുമാനവും വായ്പയെടുത്തും 31 ലക്ഷം രൂപ നിക്ഷേപമായി നല്‍കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിക്ഷേപ തുക പോലും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
