ദിവ്യ എസ്. അയ്യർക്കെതിരെ അശ്ലീല കമന്റ് : ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

എറണാകുളം: ദിവ്യ എസ്. അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനു സസ്പെൻഷൻ. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ. പ്രഭാകരനെയാണ് ഡിസിസി സസ്പെൻഡ് ചെയ്തത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ച ദിവ്യയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വിവാദമായിരുന്നു. കർണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് രാഗേഷ് കവചം തീർത്തിരുന്നതെന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. രാഗേഷ് വിശ്വസ്തതയുടെ പാഠപുസ്തകമാണെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടാണെന്നും ദിവ്യ പ്രകീർത്തിച്ചിരുന്നു.
ഇതിനു മറുപടിയായി ദിവ്യയ്ക്കു ഔചിത്യ ബോധ്യമില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയാണ് പ്രഭാകരൻ ദിവ്യയെ അപമാനിച്ച് അശ്ലീല കമന്റിട്ടത്. കോൺഗ്രസ് സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കാത്ത പരാമർശം നടത്തിയതിനാണ് പ്രഭാകരനെതിരെ നടപടി സ്വീകരിച്ചതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
അതേസമയം പോസ്റ്റിലൂടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടറായ ദിവ്യ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചീഫ് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ മകനും മുൻ എംഎൽഎയുമായ കെ.എസ്. ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page