യുവാക്കളെ കഴുത്തറുത്തു കൊന്ന് മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

മംഗ്‌ളൂരു: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ടുവെന്ന കേസില്‍ ചെര്‍ക്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും 65000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെര്‍ക്കള, സി.എന്‍ മന്‍സിലില്‍ മുഹമ്മദ് മഹ്ജീര്‍ സനഫ് (36), വിദ്യാനഗര്‍, അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ ദില്‍ഷാന്‍ മന്‍സിലില്‍ എ. മുഹമ്മദ് ഇര്‍ഷാദ് (35), ഇഷാബി മന്‍സിലില്‍ എ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 17 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. 2014 ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്, കുറ്റിച്ചിറ സ്വദേശി ഫഹീം(25), തലശ്ശേരി സ്വദേശി നഫീര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ നിന്നും എത്തിച്ച രണ്ടു കിലോ സ്വര്‍ണ്ണം മറിച്ചു വിറ്റതിന്റെ വൈരാഗ്യത്തിലാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് പൊലീസ് കേസ്. മംഗ്‌ളൂരു, അത്താവാറിലെ ഒരു ഫ്‌ളാറ്റില്‍ വച്ച് പട്ടാപ്പകല്‍ ഇരട്ടക്കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ഡസ്റ്റര്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി കുണ്ടംകുഴി, മരുതടുക്കം, ശങ്കരംകാട്ട് സഫ്‌വാന്റെ പേരിലുള്ള സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിനു തുമ്പായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page