കണ്ണൂര്‍: റിട്ട. ഇന്‍കംടാക്സ് ഓഫീസറുടെ ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. മുത്തേടം, പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയുമായ മലപ്പുറം, എടക്കര, മരുതങ്ങാട്,മദാരി ഹൗസില്‍ നൗഫല്‍ മദാരി (42)യാണ് പിടിയിലായത്. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഏഴിലോട് സ്വദേശിയായ എഡ്ഗാര്വിന് സെന്റിന്റെ പണം തട്ടിയെടുത്തത്. കേസില്‍ വാണിമ്മേല്‍ പാലോറമ്മല്‍ സ്വദേശി മുഹമ്മദ് ഷരീഫി(26)നെ ജനുവരി ഒന്‍പതിനും മറ്റൊരു പ്രതിയായ മുത്തേടത്തെ വി.വി സനീഷി (21)നെ മാര്‍ച്ച് രണ്ടിനും അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മുഖ്യപ്രതിയായ നൗഫലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഒളിവിലായിരുന്ന നൗഫല്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണ സംഘം മലപ്പുറത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നൗഫലിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. കണ്ണൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി. നിരവധി സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ നൗഫല്‍ മാര്‍ച്ച് മാസം മുത്തങ്ങയില്‍ സ്വര്‍ണ്ണ കടത്തിനിടയില്‍ എക്സൈസിന്റെ പിടിയിലായിരുന്നു. ഒരു സ്ത്രീയുടെ അരക്കെട്ടില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം കടത്തുന്നതിനിടയിലായിരുന്നു അറസ്റ്റ്.
