തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എമ്പുരാനെതിരെ ആർ.എസ്.എസ് വിമർശനം തുടരുന്നു. ഖിലാഫത്ത് കലാപാഹ്വാന ചിത്രമാണ് എമ്പുരാനെന്നു ആർഎസ്എസ് മുഖവാരികയായ കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം വിമർശിച്ചു. എമ്പുരാനെന്ന സിനി ജിഹാദ് എന്ന തലക്കെട്ടിൽ വാരികയിൽ ശരത് എട്ടത്തിൽ എഴുതിയ ലേഖനമാണു വിമർശനം ശക്തമാക്കിയിട്ടുള്ളത്.ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും സൂക്ഷ്മവും സമർഥവുമായി രാജ്യദ്രോഹ മനോഭാവം പേറുകയും പ്രചരിപ്പിക്കുകയും ചെയ്ത ചിത്രമാണ് എമ്പുരാൻ. സിനിമ പ്രവചിക്കുന്നതും അതിന്റെ അണിയറയിലെ ഹരിതകര്‍മ്മ സേന ആഗ്രഹിക്കുന്നതും ഇന്ത്യയുടെ പതനമാണ്. ചൈനയുടെ ഉയർച്ചയും ഇന്ത്യയുടെ പതനവും ഉണ്ടാകുമെന്ന് സിനിമയിലെ അവസാനത്തെ ഗാനത്തിലെ ദൃശ്യങ്ങളിൽ കാണിക്കുന്നു.ലൂസിഫർ സീരീസിലെ മൂന്നാം ഭാഗമായ അസ്രയേലിന്റെ പ്രമേയം ഖിലാഫത്ത് സ്ഥാപിച്ച് ലോകരക്ഷ നടത്തുന്നതാകുമെന്നും ലേഖനം വിമർശിക്കുന്നു. ലൂസിഫറും എമ്പുരാനും ക്രിസ്തീയ നിന്ദ നടത്തുന്നതായും ലേഖനം ആരോപിക്കുന്നു. നേരത്തേ ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ എമ്പുരാനെതിരെ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. വിമർശനം ശക്തമായതോടെ സിനിമയിലെ 24 ഭാഗങ്ങൾ അണിയറപ്രവർത്തകർ നീക്കം ചെയ്തിരുന്നു.
