ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
എന്നാല്‍ ചില്ലറ വില്പനയില് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
നേരത്തെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയിരുന്നു. ഇത് പിന്‍വലിച്ചാണ് ഇപ്പോള്‍ തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാല്‍ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവ 13 രൂപയായി ഉയര്‍ന്നു. സമാനമായി ഒരു ലിറ്റര്‍ ഡീസലിന്റെ എക്സൈസ് തീരുവ 10 രൂപയായും വര്‍ധിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.
