കാസര്‍കോട്: അഞ്ചു വര്‍ഷമായി ഭര്‍ത്താവുമായി ബന്ധം ഇല്ലാത്ത യുവതിയെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധത്തില്‍ ഒന്‍പതു വയസ്സുള്ള കുട്ടിയെ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തില്‍ മുത്തശ്ശി നല്‍കിയ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.
വിദ്യാനഗര്‍, ആസാദ് റോഡിലെ വലിയപറമ്പ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ 73കാരിയുടെ പരാതി പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൂത്ത മകന്റെ ഭാര്യയാണ് പ്രതി. യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷമായി ബന്ധം ഇല്ലെന്നു പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ യുവതി തന്നെ കൂടെ താമസിപ്പിക്കണമെന്നു ആവശ്യപ്പെട്ടതായി വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവും വീട്ടുകാരും ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതയായ യുവതി ഒന്‍പതു വയസ്സുള്ള മകനെ പൈപ്പ് കൊണ്ട് അടിക്കുകയും തടയാന്‍ ചെന്ന ഭര്‍തൃമാതാവിനെയും ഭര്‍ത്താവിനെയും മറ്റു ആണ്‍മക്കളെയും അടിക്കുകയും കത്തിയെടുത്തു ഫര്‍ണ്ണിച്ചറുകള്‍ കൊത്തി മുറിക്കുകയും മകന്റെ പാഠപുസ്തകങ്ങള്‍ കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Horrible