ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാന്‍ തയാറാണെന്നു സുനിത വില്യംസും ബുച്ച് വില്‍മോറും

സണ്ണി മാളിയേക്കല്‍

ഹൂസ്റ്റണ്‍ (ടെക്‌സസ്):സ്റ്റാര്‍ലൈനര്‍ വാഹനത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക് വീണ്ടും യാത്ര ചെയ്യാന്‍ തയാറാണെന്നു സുനിത വില്യംസും ബുച്ച് വില്‍മോറും പറഞ്ഞു. കഴിഞ്ഞ യാത്രയില്‍ നേരിട്ട പോരായ്മകള്‍ പരിഹരിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു. 286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷം ആദ്യമായി ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാര്‍ലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടര്‍ന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു.
ആദ്യ ദിവസം വെല്ലുവിളികള്‍ നേരിട്ടതായി സുനിത വില്യംസ് വെളിപ്പെടുത്തി. പിന്നീട് ഫിസിക്കല്‍ ട്രെയ്‌നിങ്, ന്യൂട്രീഷന്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്, സ്‌ക്വാട്‌സ് അടക്കമുള്ള വ്യായാമങ്ങള്‍ തുടങ്ങി. ഇതുവരെ മൂന്നുമൈല്‍ ദൂരം ഓടി.
ബഹിരാകാശനിലയത്തില്‍ തുടരേണ്ടിവന്ന സമയങ്ങളിലെല്ലാം ഗവേഷണങ്ങള്‍ തുടരുകയായിരുന്നു. അസ്ഥിക്കും മസിലുകള്‍ക്കുമുണ്ടാകുമായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വില്‍മോര്‍ വിശേഷിപ്പിച്ചു.
ഒരിക്കല്‍പ്പോലും നിരാശരായില്ല. നാസയുടെ ‘ടീം വര്‍ക്ക്’ ഗുണം ചെയ്തു. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറഞ്ഞു.
ബഹിരാകാശ പേടകം ശരിക്കും കഴിവുള്ളതാണ്. പരിഹരിക്കേണ്ട രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകള്‍ അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ഇത് ഒരു മികച്ച ബഹിരാകാശ പേടകമാണ്, മറ്റ് ബഹിരാകാശ പേടകങ്ങള്‍ക്ക് ഇല്ലാത്ത നിരവധി കഴിവുകളുണ്ട്. ആ കാര്യം വിജയകരമാണെന്ന് കാണുകയും ആ പ്രോഗ്രാമിന്റെ ഭാഗമാകുകയും ചെയ്യുന്നത് ഒരു ബഹുമതിയാണ്.’വില്യംസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page