എമ്പുരാന്‍ സിനിമക്കെതിരെ തമിഴ് നാട്ടിലും പ്രതിഷേധം; മുല്ലപ്പെരിയാറിനെ കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന് പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, സിനിമ ബഹിഷ്‌കരിക്കുമെന്നു കര്‍ഷകര്‍

ചെന്നൈ: എമ്പുരാന്‍ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത്. സിനിമയില്‍ സാങ്കല്പിക പേരില്‍ ചിത്രീകരിച്ച അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണെന്നാണ് കര്‍ഷകരുടെ വാദം. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനാണ് രംഗത്തെത്തിയത്. അണക്കെട്ടിനെ കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷക സംഘം മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ടു പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നതുകൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകള്‍ ഉപയോഗശൂന്യമാണന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം’-ബാലസിംഗം പറഞ്ഞു. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നില്‍ ബുധനാഴ്ച ഉപരോധസമരം നടത്തുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ സിനിമ ബഹിഷ്‌കരിക്കാനും സംഘടന ആഹ്വാനം ചെയ്തു. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എമ്പുരാന്‍ സിനിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page