കാസര്‍കോട്: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ ഇറങ്ങിയ ആളിന് ശ്വാസതടസം. അബോധാവസ്ഥയിലായ മധ്യവയസ്‌കനെ അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. മധൂര്‍ ഹിദായത്ത് നഗറിലെ ഗോപാല(50)നാണ് ശ്വാസതടസെത്തെ തുടര്‍ന്ന് കിണറില്‍ കുഴഞ്ഞുവീണത്. വീട്ടുകാര്‍വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് അഗ്‌നിരക്ഷാ സേനയെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. മധൂര്‍ മന്നിപ്പാടിയിലെ അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടുകിണറിലാണ് മൂന്നുദിവസം മുന്‍പ് പൂച്ച വീണത്. പൂച്ച ചത്തിരുന്നു. 60 അടി ആഴവും നാലടിയോളം വെള്ളവുമുള്ള കിണറായിരുന്നു.ഗോപാലന്‍ കിണലിറങ്ങിയപ്പോള്‍ തന്നെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. രാജേഷിന്റെ നേതൃത്വത്തില്‍ വി.എന്‍.വേണു ഗോപാലൻ, ഇ.പ്രസീത് എന്നിവര്‍ കിണറില്‍ ഇറങ്ങി ആളെ റസ്‌ക്യൂനെറ്റ് ഉപയോഗിച്ച് ഉടന്‍ കരക്കെത്തിച്ചു. അഗ്നിരക്ഷാ സേനയുടെ ജീപ്പിലാണ് ആളെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഉദ്യോഗസ്ഥരായ പി.സി. മുഹമ്മദ് സിറാജുദിന്‍, ടി.എസ്. എല്‍ബി, കെ.വി. ശ്രീജിത്ത്, എ. രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു
