കാഞ്ഞങ്ങാട്ടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് കേസെടുത്തു, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ്

ന്യൂഡല്‍ഹി: കാഞ്ഞങ്ങാട് മന്‍സൂര്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരിയുടെ മരണത്തെക്കുറിച്ച് ഒരുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് ഡയക്ടര്‍ ജനറല്‍ എന്നിവരോട് നിര്‍ദേശിച്ചു. നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരി(20)യെ കഴിഞ്ഞ ഡിസംബര്‍ 7 നാണ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. അബോധാവസ്ഥയിലായിരുന്ന ചൈതന്യയെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും, കെഎംസി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച് 22 നു മരണപ്പെടുകയായിരുന്നു. കോളേജ് വാര്‍ഡന്റെയും മാനേജ്‌മെന്റിന്റെയും മാനസീക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. ചൈതന്യ കുമാരിയുടെ ഹോസ്റ്റല്‍ മുറിയിലെ രണ്ട് വിദ്യാര്‍ഥികളും വാര്‍ഡന്റെ മാനസീക പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഹോസ്റ്റലില്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നതായും അവധി ദിവസങ്ങളില്‍ ജോലിചെയ്യിക്കുന്നതെന്നുമായിരുന്നു പരാതി. മരിച്ച ചൈതന്യ അസുഖ ബാധിതയായിരുന്നപ്പോഴും ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്ന് എന്‍.എച്ച്.ആര്‍.സിയും പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മെഡിക്കല്‍ ചെക്കപ്പിന് ശേഷം ചൈതന്യ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴും ഹോസ്റ്റലധികൃതര്‍ ചൈതന്യയെ മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. വാര്‍ഡന്‍ ചൈതന്യയ്ക്ക് ആഹാരവും വെള്ളവും പോലും നിഷേധിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നേരിട്ടാണ് കേസെടുത്തിട്ടുള്ളത്. പൗരവാകാശത്തിന് എതിരെയുണ്ടായ ഇത്തരം സംഭവങ്ങളില്‍ കേരളത്തിലെ നിയമ സംവിധാനങ്ങള്‍ പാലിക്കുന്ന നിസംഗതയെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page