കാസര്‍കോട്ടെ കവുങ്ങ് കര്‍ഷകരുടെ പ്രതിസന്ധി: പഠനത്തിനു വിദഗ്ധ സംഘത്തെ നിയോഗിക്കും; മൊറട്ടോറിയവും പരിഗണനയില്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കാസര്‍കോട്ടെ കവുങ്ങ് കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കുവാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കവുങ്ങ് കര്‍ഷകരുടെ ആശങ്കകളും പ്രയാസങ്ങളും അറിയിച്ചു കൊണ്ട് കവുങ്ങ് കൃഷി മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക ആവശ്യപ്രകാരം നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കവുങ്ങുകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നാശനഷ്ടങ്ങളെ വിലയിരുത്താനുമാണ് വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതെന്നു മന്ത്രി പറഞ്ഞു. അടയ്ക്കാ കര്‍ഷകരെ രക്ഷിക്കുന്നതിന് വിദഗ്ധ സംഘത്തെ രൂപീകരിച്ച് സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യും. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ സംഘത്തില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കവുങ്ങ് കൃഷി മേഖലയിലെ നാശനഷ്ടക്കണക്ക് ശേഖരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കവുങ്ങ് കര്‍ഷകരുടെ കടബാധ്യതയും വായ്പാ തിരിച്ചടവ് കാലാവധിയും സംബന്ധിച്ച് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാതല ബാങ്കിംഗ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്‌റഫ്, കാര്‍ഷിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍ പ്രതീക് ജൈന്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്ലാന്റ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. വിനായക ഹെഗ്‌ഡെ, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജേക്കബ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page