കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ജനറല്‍ ആശുപത്രിക്കു സമീപത്തെ 250 കിലോ വാട്ട് ട്രാന്‍സ്‌ഫോര്‍മറില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചൊവ്വാഴ്ച രാവിലെ 7.40മണിയോടെയാണ് വലിയ ശബ്ദത്തോടു കൂടി തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് സീനിയര്‍ ഓഫീസര്‍ വി സുകുവിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം ചീറ്റിയാണ് തീയണച്ചത്. കൂടുതല്‍ നേരം തീപിടുത്തം തുടര്‍ന്നിരുന്നുവെങ്കില്‍ പൊട്ടിത്തെറി വരെ ഉണ്ടാകുമായിരുന്നുവെന്നു അധികൃതര്‍ പറഞ്ഞു. സംഭവം രാവിലെയായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നതും ഭാഗ്യമായി. ഫയര്‍മാന്മാരായ വി.എസ് ഗോപാലകൃഷ്ണന്‍, എല്‍.ബി രഞ്ജിത്ത്, ഹോംഗാര്‍ഡുമാരായ രാജു ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
