കാസർകോട്: അതിഥിതൊഴിലാളികളുടെ നേതൃത്വത്തിൽ ലഹരി വില്പന രൂക്ഷമായതോടെ പൊലീസ് കർശന നടപടി ആരംഭിച്ചു.ഇതിന്റെ മുന്നോടിയായി നീലേശ്വരം നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിനു ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് നോട്ടീസ് നൽകി. മതിയായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ താമസിക്കുന്ന അതിഥി തൊഴിലാളികളെ ഒഴിപ്പിക്കണമെന്നു ഡി. വൈ. എസ്. പി. മുൻസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു . കെട്ടിടങ്ങൾക്കു മുകളിൽ വരെ ചെറിയ മറയുണ്ടാക്കി അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നോട്ടീസിൽ മുന്നറിയിച്ചു . താമസ സ്ഥലങ്ങളിൽ വൃത്തിഹീനമായ അന്തരീക്ഷം നിലനിൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും നോട്ടീസിൽ എടുത്തു പറ ഞ്ഞു.കിടന്നുറങ്ങുന്ന സ്ഥലങ്ങളിൽ തന്നെ മല – മൂത്ര വിസർജ്ജനം നടത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു നോട്ടീസ് ഓർമ്മിപ്പിച്ചു. അനധികൃതമായി താമസിക്കുന്നവർ ലഹരി വില്പനയിൽ ഏർപ്പെടുന്നതു സമീപ ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു പൊലീസ് പറഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ ആൾക്കാരെ താമസിപ്പിക്കുന്ന വർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
