കാസര്‍കോട്: ആള്‍മറയുടെ മുകളിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കിണറില്‍ വീണ 40 കാരന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ കര്‍ണാടക സ്വദേശി പ്രകാശനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെ ചെര്‍ക്കളയിലെ എളഞ്ചാ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറിലാണ് യുവാവ് വീണത്. ആള്‍മറയിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. കിണറില്‍ രണ്ടടിയോളമാണ് വെള്ളമുണ്ടായിരുന്നത്. വിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്നും അഗ്നിരക്ഷാ സേനയെത്തി. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി സുകു റസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ കിണറില്‍ ഇറങ്ങി. ചെളിയില്‍ പൂണ്ട് കിടന്ന യുവാവിനെ റസ്‌ക്യൂ നെറ്റില്‍ കരക്കെത്തിച്ചു. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ യുവാവിനെ ആദ്യം കാസര്‍കോട് ജനറലാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. അഗ്നിശമന സേനാംഗങ്ങളായ എസ് അരുണ്‍കുമാര്‍, വിഎസ് ഗോകുല്‍കൃഷ്ണന്‍, എസ് സാദിഖ്, സിവി ഷബില്‍കുമാര്‍, ഹോംഗാര്‍ഡ് രാകേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.
