നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ജയചന്ദ്രന്‍ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.
കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരപരിധിയിലെ ഒരു വീട്ടില്‍ വച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാലു വയസുകാരിയെ ഉപദ്രവിച്ചെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസാണ് പോക്‌സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏഴ് മാസത്തോളം ഒളിവില്‍ പോവുകയായിരുന്നു നടന്‍. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉയര്‍ത്തി സര്‍ക്കാര്‍ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് നല്‍കിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
നേരത്തേ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. ഈ ഇടക്കാല ഉത്തരവ് ബുധനാഴ്ചവരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page