കാസര്‍കോട്: മുളിയാറില്‍ ഭീതി പരത്തി വീണ്ടും പുലിയിറങ്ങി. മഞ്ചക്കല്‍ താഴത്തെ മൂലയിലെ നാരായണന്റെ കെട്ടിയിട്ട വളര്‍ത്തു നായയെ പുലി കൊന്നുതിന്നു. നായയുടെ തല ഉപേക്ഷിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. തുടര്‍ച്ചയായി നായയുടെ കുര കേട്ടെങ്കിലും വീട്ടുകാര്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് നായയുടെ തല കൂട്ടിനടുത്ത് കണ്ടത്. മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന പുലി കഴിഞ്ഞ ദിവസം പാണ്ടിക്കണ്ടത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ പുലി ആയിരിക്കാം ഇവിടെയും എത്തിയതെന്ന് സംശയിക്കുന്നു. വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ജയകുമാരന്‍, രവീന്ദ്ര, ഗാര്‍ഡുമാരായ അഭിലാഷ്, അര്‍ജുന്‍ എന്നിവര്‍ സ്ഥത്തെത്തി പരിശോധന നടത്തി. ആദ്യമായാണ് മഞ്ചക്കല്ലില്‍ പുലിയിറങ്ങുന്നത്. കഴിഞ്ഞമാസം ബോവിക്കാനത്ത് പുലിയിറങ്ങിയിരുന്നു. മഞ്ചക്കല്‍ മേഖലയില്‍ കാട്ടുപോത്തുകള്‍ നിരവധിയുണ്ടെങ്കിലും ആക്രമണകാരികളല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
