അയല്‍വാസിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നുപവന്‍ പട്ടാപ്പകല്‍ തട്ടിയെടുത്ത മോഷ്ടാവ് പിടിയില്‍. കുന്താപുര സാലിഗ്രാമ കര്‍ക്കട ഭദ്രകട്ടെ സ്വദേശി മഞ്ജുനാഥ് മയ്യ(55) ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെ
യെത്താടി സ്വദേശിനി സീത ബായിയുടെ മാലയാണ് പ്രതി തട്ടിപ്പറിച്ചെടുത്തത്. ഒരു ചടങ്ങിനായി അയല്‍വാസിയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയില്‍ ബ്രഹ്‌മാവര്‍ പൊലീസ് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള സൂചന ലഭിച്ചു. സഞ്ചരിച്ച ബൈക്കിന്റെ നമ്പറും ലഭിച്ചതോടെ പ്രതിയെ 24 മണിക്കൂറിനകം പിടികൂടാനായി. വിശദമായി ചോദ്യം ചെയ്തതോടെ ബര്‍കൂര്‍ ചൗളികെരെയ്ക്ക് സമീപം മറ്റൊരു മാല പിടിച്ചുപറി നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തി. മോഷ്ടിച്ച സ്വര്‍ണ്ണം ഒരു സഹകരണ സംഘത്തില്‍ പണയം വക്കുകയായിരുന്നു. അത് പൊലീസ് പിടിച്ചെടുത്തു. ബിസിനസില്‍ പരാജയം സംഭവിച്ചതോടെ കടക്കെണിയിലായെന്നും ഇതോടെയാണ് കടത്തില്‍നിന്ന് കരകയറാന്‍ മോഷണം നടത്താനിറങ്ങിയതെന്നും പ്രതി പറഞ്ഞു.
