ലോക്‌സഭാ മണ്ഡലം പുനസംഘടന അനുവദിക്കില്ലെന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം; യോഗത്തില്‍ പങ്കെടുത്തത് അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിമാരെന്ന് ബിജെപി, യോഗം അഴിമതി മറച്ചുവക്കാന്‍

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരസമിതി യോഗം ആരംഭിച്ചു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ അടിക്കല്ല് തകര്‍ക്കാനാണ് ലോക്‌സഭാ മണ്ഡലം പുനസംഘടനയെന്ന് യോഗം അഭിപ്രായപ്പെട്ടു. സംയുക്ത സമരസമിതിയോഗം വിളിച്ചുകൂട്ടിയത് തമിഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനാണ്. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം, തെലുങ്കാന, പഞ്ചാബ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും, പഞ്ചാബില്‍ നിന്ന് ശിരോമണി അകാലിദള്‍ വര്‍ക്കിങ് പ്രസിഡന്റ് ബെല്‍വിന്ദര്‍ സിങ് ഫണ്ടര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ അഞ്ചുസംസ്ഥാനങ്ങളിലെ 14 നേതാക്കളാണ് പങ്കെടുത്തത്. ലോക്‌സഭാമണ്ഡലം പുനസംഘടനയുണ്ടാക്കുന്ന ഭീഷണികള്‍ നേതാക്കള്‍ എടുത്തുകാട്ടി. ബിജെപി യോഗ സ്ഥലത്ത് കരിങ്കൊടി പ്രകടനം നടത്തി. കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലാത്ത ലോക്‌സഭാ മണ്ഡലം പുനസംഘടനയുടെ കീഴില്‍ കോലാഹലം കൂട്ടുന്ന സ്റ്റാലിനും കൂട്ടരും തമിഴ് നാട്ടിലെ ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കുന്ന കാവേരി, മുല്ലപ്പെരിയാര്‍ ജലം പങ്കിടുന്നതിനുള്ള തര്‍ക്കത്തില്‍ എന്തുകൊണ്ടാണ് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും തമിഴ് നാടിന്റെയും സംയുക്ത യോഗം വിളിച്ചുകൂട്ടാത്തതെന്ന് ബിജെപി നേതാവ് തമിഴ്‌സായി സൗന്ദരരാജന്‍ ആരാഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരെല്ലാം അഴിമതി ആരോപണം നേരിടുന്നവരാണ്. അത് മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ അവര്‍ ഒത്തുകൂടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് നിലവിലുള്ള ലോക് സഭാ സീറ്റ് കുറയ്ക്കാനുള്ള ഒരു ശ്രമവും വച്ച് പൊറുപ്പിക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനും വിഭാഗീയത വളര്‍ത്താനും അഴിമതി മൂടിവയ്ക്കാനുമാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതെന്ന് ബിജെപി ദേശീയ വക്താവ് സിആര്‍ കേശവന്‍ പറഞ്ഞു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ചരിത്ര ദിവസമാണ് ഇന്നെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page