ഒന്നരക്കൊല്ലം മുമ്പു കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി; അമ്പരന്നു വീട്ടുകാര്‍, കൊലക്കുറ്റത്തിനു ജയിലില്‍ കഴിയുന്ന നാലുപേര്‍ വിട്ടയക്കണമെന്ന അപേക്ഷയുമായി കോടതിയില്‍

ഭോപ്പാല്‍: 2023 സെപ്റ്റംബറില്‍ കൊല്ലപ്പെട്ട 35 കാരി വീട്ടില്‍ തിരിച്ചെത്തി. സംഭവം വീട്ടുകാരെ സംഭ്രമിപ്പിച്ചു.
മധ്യപ്രദേശിലെ മജ്‌സൗര്‍ ജില്ലയിലെ ഗാന്ധിസാഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭ്രമ ജനകമായ സംഭവം.
ഒന്നര വര്‍ഷം മുമ്പു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട 35 കാരി ലളിതാഭായിയുടെ മൃതദേഹം വീട്ടുകാര്‍ അന്നു തന്നെ സംസ്‌ക്കരിച്ചിരുന്നു. കൊലപാതക കേസില്‍ ഗാന്ധിസാഗര്‍ പൊലീസ് നാലുപേരെ അറസ്റ്റു ചെയ്തു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഇതിനിടയിലാണ് ഏതാനും ദിവസം മുമ്പു ലളിതാഭായി ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയത്.
മകളെ ജീവനോടെ കണ്‍ മുന്നില്‍ കണ്ടിട്ടും പിതാവിന് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അവരെയും കൂട്ടി ഗാന്ധിസാഗര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നു. കൊല ചെയ്യപ്പെട്ട മകള്‍ ഇതാ തിരിച്ചു വന്നു നല്‍ക്കുന്നു- വിട്ടുമാറാത്ത അത്ഭുതത്തോടെ അദ്ദേഹം പൊലീസിനെ അറിയിച്ചു.
സംഗതി പൊലീസ് സ്ഥിരീകരിച്ചു. 2023ല്‍ ലളിതാഭായി സ്വന്തം ഇഷ്ടത്തിനു വീടു വിട്ടിറങ്ങിയതാവും -അദ്ദേഹം പറഞ്ഞു. ഇതുകേട്ട ലളിതാഭായ് തന്നെ കാണാതായ സംഭവത്തിന്റെ ചുരുളഴിച്ചു. കാണാതായ ദിവസം ഷഹ്‌റൂഖ് എന്നയാള്‍ തന്നെ ബലം പ്രയോഗിച്ചു ഭാന്‍പുര എന്ന സ്ഥലത്തെത്തിച്ചു. അതിനു ശേഷം ഷഹ്‌റൂഖ് എന്ന പേരുള്ള മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപക്കു തന്നെ വിറ്റു. വിലക്കുവാങ്ങിയ ആള്‍ തന്നെ രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തെത്തിച്ചു. 18 മാസം അവിടെ കഴിഞ്ഞു. 18 മാസങ്ങള്‍ക്കു ശേഷം എങ്ങനെയോ അവിടെ നിന്നു രക്ഷപ്പെട്ടാണ് നാട്ടിലെത്തിയത്. തനിക്കു മൊബൈല്‍ ഫോണില്ലാതിരുന്നതു കൊണ്ടു ഒരു വിവരവും വീട്ടിലറിയിക്കാന്‍ കഴിഞ്ഞതുമില്ല.
കൊലചെയ്യപ്പെട്ടുവെന്നു വീട്ടുകാരും നാട്ടുകാരും കരുതുന്ന ലളിതാഭായി തന്നെയാണ് താനെന്നു തെളിയിക്കാന്‍ അവര്‍ അവരുടെ ആധാര്‍ കാര്‍ഡും വോട്ടേഴ്‌സ് ഐ ഡിയും പൊലീസിനു കൈമാറുകയും ചെയ്തു.
ലളിതാഭായിയെ കാണാതായെന്ന പരാതി ലഭിച്ചുടനെ വിവരം സമീപ പൊലീസ് സ്റ്റേഷനുകളില്‍ ഗാന്ധിസാഗര്‍ പൊലീസ് അറിയിച്ചിരുന്നു. ജാബുവാ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആ സമയത്ത് ട്രക്ക് ഇടിച്ചു തല തകര്‍ന്നു മരിച്ച 35 വയസ്സു പ്രായം വരുന്ന ഒരു സ്ത്രീയുടെ ജഡത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗാന്ധിസാഗര്‍ പൊലീസിനയച്ചു കൊടുത്തു. ഈ ജഡം കണ്ട ലളിതാഭായിയുടെ പിതാവ് അതു തന്റെ മകളുടെ ജഡമാണെന്നു വിശ്വാസം പ്രകടിപ്പിച്ചു. അതിനെത്തുടര്‍ന്നു വിട്ടു കൊടുത്ത ജഡം ആചാരപ്രകാരം കുടുംബാംഗങ്ങള്‍ ചേര്‍ന്നു സംസ്‌ക്കരിക്കുകയായിരുന്നു.
ലളിതാഭായിയെ കൊലപ്പെടുത്തിയെന്ന് അന്നു കേസെടുക്കുകയും ആ കേസില്‍ ഇംറാന്‍, ഷഹ്‌റൂഖ്, സോനു, ഇജാസ് എന്ന നാലുപേരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന ഇവര്‍ കൊലചെയ്യപ്പെട്ടുവെന്നാരോപിക്കപ്പെട്ട സ്ത്രീ ജീവനോടെ തിരിച്ചെത്തിയിട്ടുണ്ടെന്നു കോടതിയെ അറിയിച്ചു. ഇതിനെക്കുറിച്ചു കോടതി പൊലീസിനോടു വിശദവിവരം ആവശ്യപ്പെട്ടിരിക്കുകയാണ്.
ലളിതാ ഭായിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്താനും അതോടൊപ്പം കേസിലെ സാക്ഷികളില്‍ നിന്നു വീണ്ടും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു ജാബുവ പൊലീസ് സൂപ്രണ്ട് പത്മവിലോചന്‍ ശുക്ല അറിയിച്ചു. അതിനു ശേഷം മരിച്ചുവെന്നു കരുതിയ സ്ത്രീ തന്നെയാണ് ജീവിച്ചിരിക്കുന്ന ലളിതാഭായിയെന്നു തീര്‍പ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page