കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ബൈക്കു മോഷണം. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ബൈക്ക് മോഷണം പോയതോടെ ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കി. മോഷണത്തിനു പിന്നില്‍ മാലപ്പൊട്ടിക്കല്‍ സംഘമാണെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു പാര്‍ക്കു ചെയ്തിരുന്ന കേളുഗുഡ്ഡയിലെ പ്രവീണ്‍ കുമാറി (45)ന്റെ ബൈക്കാണ് മാര്‍ച്ച് 10നും 12നും ഇടയിലുള്ള സമയത്ത് മോഷണം പോയത്.
മാര്‍ച്ച് ഒന്‍പതിനു രാത്രി പാറക്കട്ട ഹെല്‍ത്ത് സെന്ററിനു സമീപത്ത് ശരണപ്പ എന്നയാളുടെ ബൈക്കു മോഷണം പോയിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. പ്രസ്തുത സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കു മോഷണം പോയെന്ന പരാതി പൊലീസില്‍ എത്തിയത്.
