കാസര്‍കോട്: സോഡയും സിഗരറ്റും കടം നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു ഗോഡൗണിനു മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീര്‍ച്ചാല്‍, കുണ്ടിക്കാനയിലെ ലാന്‍സര്‍ ഡിസൂസയുടെ പരാതിയില്‍ തലപ്പനാജെയിലെ സന്തു എന്ന സന്തോഷിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ കന്യപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ബേക്കേര്‍സ്, ജെ കെ അറേഞ്ചേര്‍സ് എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജെ കെ ബേക്കേഴ്‌സില്‍ വെള്ളിയാഴ്ച വൈകിട്ട് എത്തിയ സന്തു സിഗരറ്റും സോഡയും കടം ചോദിച്ചിരുന്നുവെന്നും നല്‍കിയില്ലെന്നും ഉടമസ്ഥനായ ലാന്‍സര്‍ ഡിസൂസ നല്‍കിയ പരാതിയില്‍ പറയുന്നു. കടം നല്‍കാത്ത വിരോധത്തില്‍ രാത്രി 9 മണിയോടെ കടയില്‍ നിന്നു 200 മീറ്റര്‍ അകലെയുള്ള ഗോഡൗണ്‍ കെട്ടിടത്തിലെത്തിയ സന്തു മണ്ണെണ്ണൊഴിച്ച് തീയിടുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
