കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രധാന റോഡുകളായ ബാങ്ക് റോഡിനെയും എം ജി റോഡിനെയും ബന്ധിപ്പിക്കുന്ന നായക്‌സ് റോഡില്‍ യാത്ര ദുസ്സഹം. പകല്‍ നേരങ്ങളില്‍ കടുത്ത പൊടിപടലങ്ങള്‍ മൂലം വ്യാപാരികളും പരിസരവാസികളും ദുരിതത്തില്‍. രാത്രി കാലങ്ങളില്‍ കാല്‍നടയായി സ്വസ്ഥമായി നടന്നു പോകാമെന്നുവച്ചാല്‍ അതിനും കഴിയാതെ ദുരിതം തിന്നുകയാണ് ജനങ്ങള്‍.
നായക്‌സ് റോഡില്‍ പൈപ്പ് ലൈന്‍ വലിക്കാനാണ് കുഴിയെടുത്തത്. ഇതിന്റെ മണ്ണ് റോഡില്‍ തന്നെ കൂട്ടിയിട്ടതിനാല്‍ പകല്‍ നേരങ്ങളില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിമണ്ണു തിന്നുകയാണ് വ്യാപാരികളും യാത്രക്കാരും. ഒരു മാസത്തിനു ശേഷം കുഴി ജില്ലിയിട്ടു മൂടിയെങ്കിലും പ്രശ്‌നത്തിനു പരിഹാരം കാണാനായില്ല. ഇതിനിടയിലാണ് കുഴിയെടുക്കുന്നതിനിടയില്‍ എ ടി റോഡ് ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയത്. ഇതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. വൈകുന്നേരത്താണ് ഈ ഭാഗത്തേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത്. പൈപ്പ് പൊട്ടിയതിനാല്‍ വെള്ളം റോഡിലേയ്ക്ക് ഒഴുകി കാല്‍നടയാത്ര പോലും അസഹനീയമാണ്. കടുത്ത വേനലില്‍ കുടിവെള്ളത്തിനു ക്ഷാമം അനുഭവപ്പെടുമ്പോഴാണ് കാസര്‍കോട്ട് ലിറ്റര്‍ കണക്കിനു തെളിനീരു റോഡിലേയ്‌ക്കൊഴുക്കിക്കളയുന്നത്.
