‘ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, ഉമ്മക്ക് ധൈര്യമില്ല മരിക്കാന്‍’; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം ഇതാണ്, പ്രതി അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. ഉമ്മയുമായി ആലോചിച്ചപ്പോള്‍, സ്വയം മരിക്കാന്‍ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും, ഞാന്‍ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞതായി അഫാന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ വെഞ്ഞാറമൂട് പോയി ഹാമര്‍ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചുവെന്ന് കരുതി അവിടെ നിന്ന് ബൈക്കില്‍ പാങ്ങോട് എത്തി. പണം വേണ്ടിവന്നപ്പോള്‍ അമ്മൂമ്മ മാല ചോദിച്ചിട്ട് നല്‍കിയില്ലെന്നും അങ്ങനെ അമ്മുമ്മയെ കൊലപ്പെടുത്തിയെന്ന് പ്രതി പറഞ്ഞു. പിതാവിന്റെ സഹോദരന്‍ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിച്ചില്ല. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ പൊലീസിന് നല്‍കിയ മൊഴില്‍ പറയുന്നു. താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതി അവളെയും വീട്ടില്‍ എത്തിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് മരിക്കാന്‍ വേണ്ടി എലിവിഷം കഴിച്ചുവെന്നും പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ പറയുവാന്‍ തോന്നിയതെന്നും അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം കേസില്‍ നിലവില്‍ ഒന്നും പറയാറായിട്ടില്ലെന്ന് ഐജി ശ്യാം സുന്ദര്‍ പറഞ്ഞു. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവില്‍ പറയാന്‍ ആകില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കില്‍ പരിശോധന ഫലം വരണമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ പ്രതി ആശുപത്രിയില്‍ ആയതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ആയിട്ടില്ല എന്ന കാര്യവും ഐജി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page