കുറ്റിക്കോല്‍ സ്വദേശിയുടെ മരണം: മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി; ആരോപണ വിധേയനായ പാണ്ടി സ്വദേശി പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, വെള്ളാലയിലെ നാരായണന്റെ മകന്‍ രാജേഷി (25)ന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതും സംശയത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളുവെന്ന് ആദൂര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം പയസ്വിനി പുഴയിലെ അത്തനാടിയിലാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് കാണാതായ രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഫോണ്‍ കോളിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ സുരേഷ് എന്നയാളാണ് വീട്ടില്‍ എത്തിച്ചതെന്നും ഇതില്‍ സംശയം ഉണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിനെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഗ്വാളിമുഖത്തെ ബാറില്‍ പോയി മദ്യപിച്ചിരുന്നുവെന്നും പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്.
അതേ സമയം സുരേഷിനെതിരെ മറ്റൊരു പരാതിയില്‍ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. 17കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റു ചെയ്ത ശേഷം സുരേഷിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page