Author: നാരായണന്‍ പേരിയ
‘വിദ്യാര്‍ത്ഥികളേ, ഇതിലേ, ഇതിലേ….’ പഴയൊരു സിനിമയുടെ പേര്. ‘റാഗിങ്ങ്’ എന്ന ആഭാസത്തരത്തില്‍ നിന്നും പിന്തിരിയാനുള്ള ആഹ്വാനമാണ് പ്രമേയം. നേര്‍വഴി ചൂണ്ടിക്കാണിച്ച് പറയുന്നു, ഇതിലേ പോകണം എന്ന്. എന്നിട്ട് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ആ വഴിക്ക് പോയോ? തെറ്റായ വഴി ഉപേക്ഷിച്ചുവോ? ഇല്ല എന്നതിന് തെളിവാണ് ദൈനംദിന വാര്‍ത്തകള്‍. പൂര്‍വ്വാധികം പെരുകിയിട്ടുണ്ട് റാഗിങ്ങ്. മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രമുണ്ടായിരുന്ന റാഗിംഗ് സാധാരണ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു.
രണ്ടു നൂറ്റാണ്ടു കാലം നമ്മെ ഭരിച്ച ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയതാണത്രെ റാഗിങ്ങ് എന്ന ആഭാസമാതൃക. അവിടെ അക്കാലത്ത് പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നത് പ്രഭു കുമാരന്മാരായിരുന്നു. നവാഗതരെ വരവേല്‍ക്കാന്‍ റാഗിങ്ങ്.
വില കെട്ടവന്‍, തെണ്ടി, ചെറ്റ എന്നൊക്കെയാണ് റാഗ് എന്ന പദത്തിന്റെ അര്‍ത്ഥം. താന്‍ മാത്രം മാന്യന്‍, അന്തസ്സുള്ളവന്‍. മറ്റുള്ളവരെല്ലാം വില കെട്ടവര്‍ എന്ന ആഡ്യഭാവം. സി മാധവന്‍പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ (എന്‍ബിഎസ് ഒന്നാം പതിപ്പ്-1966 ഫെബ്രുവരി) കാണുന്ന അര്‍ത്ഥ വിവരണം ഇങ്ങനെ: പുതുതായി കോളേജില്‍, പ്രത്യേകിച്ചും ബിരുദാനന്തര പഠന ക്ലാസുകളില്‍ ചേരാനെത്തുന്നവരെ നേരത്തെ ചേര്‍ന്നിട്ടുള്ളവര്‍ പരിഹസിക്കുന്ന സമ്പ്രദായത്തെയാണ് റാഗിങ്ങ് എന്ന് പറയുന്നത്. വിഡ്ഢി വേഷം കെട്ടിക്കുക, പഴന്തുണി ധരിപ്പിക്കുക-ഇതൊക്കെയാണ് റാഗിങ്ങിന്റെ രീതികള്‍ എന്ന് മനസ്സിലാക്കാം.
സായ്പിനെ നോക്കി പകര്‍ത്തുക-ഇതാണല്ലോ നമ്മുടെ രീതി. നമ്മുടെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളും ഇത് മാതൃകയായെടുത്തു. പഴന്തുണി ചുറ്റിക്കുന്നതില്‍ ഒതുങ്ങിയില്ല; ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍. അധ്യാപകരും സ്ഥാപന മേധാവികളും കണ്ണടച്ചു. പീഡനങ്ങള്‍ക്കിരയാകുന്ന ചിലര്‍ ആത്മഹത്യ ചെയ്തു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കെ ക്രൂരമായ റാഗിങ്ങിനിരയായ ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ നാടെങ്ങും ചര്‍ച്ചാ വിഷയമായി. കേരള ഗാന്ധി എന്ന് വാഴ്ത്തപ്പെട്ട കേളപ്പജി അധികൃതരുടെ ഉറക്കമുണര്‍ത്താന്‍, ശ്രദ്ധ ക്ഷണിക്കാന്‍ നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കണ്ണുതുറന്നു എന്ന് തോന്നി; വെറും തോന്നല്‍ മാത്രം.
1997ല്‍ ആന്റി റാഗിങ്ങ് ഓര്‍ഡിനന്‍സ്. അതിനിടയാക്കിയത് മദ്രാസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പൊന്നുസ്വാമിയുടെ ഏകമകന്‍ നാവരശ് റാഗിങ്ങിന്റെ പേരില്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട ദാരുണസംഭവമായിരുന്നു. ചിദംബരത്തെ രാജമുത്തയ്യ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷക്കാരനായിരുന്നു നാവരശ് എന്ന പതിനെട്ടുകാരന്‍. ജോണ്‍ ഡേവിഡ് എന്ന സീനിയര്‍ വിദ്യാര്‍ത്ഥി നാവരശിനെ തന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി തുണിയഴിപ്പിച്ചു. പൂര്‍ണ്ണ നഗ്‌നനാക്കിയ ശേഷം തന്റെ ചെരുപ്പു കടിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. ചെരിപ്പിന്റെ അടിഭാഗം നക്കാന്‍ പറഞ്ഞു. അനുസരിക്കാതിരുന്നപ്പോള്‍ നിരന്തര മര്‍ദ്ദനമായി. അടിയേറ്റ നാവരശ് താഴെ വീണു. അനക്കമില്ല. മരണപ്പെട്ടു എന്ന് വിചാരിച്ചു. വാളെടുത്ത് മുറിച്ചു തുണ്ടാക്കി തല വെട്ടിയെടുത്ത് കിണറ്റിലിട്ടു. ബാക്കി ഭാഗം മുറിച്ച് വെവ്വേറെ പൊതികളാക്കി അതുംകൊണ്ട് മദ്രാസിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ വലിച്ചെറിഞ്ഞു. വഴി നീളെ മനുഷ്യ മാംസപ്പൊതികള്‍. ക്രൂരനായ കൊലയാളി വൈകാതെ പിടിക്കപ്പെട്ടു. തുടര്‍ നടപടികള്‍ക്ക് ശേഷം മദ്രാസ് കോടതി വധിച്ച ശിക്ഷ ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ റാഗിങ്ങിനെതിരെ നിയമം പാസാക്കി.
അലഹാബാദ് അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി ക്രിസ്റ്റി വെടിയേറ്റ് മരണപ്പെട്ടു. റാഗിങ്ങിന്റെ ഭാഗമായിരുന്നു അതും. ഒട്ടേറെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു.
സുപ്രിം കോടതി ഇടപെട്ടു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചു. കാമ്പസ്സുകളെ ശുദ്ധീകരിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍. കേരള ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചത് റാഗിങ്ങ് നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കാന്‍. ഗവര്‍ണര്‍ അത് അതേപടി സ്വീകരിച്ചു. പക്ഷെ, മന്ത്രിസഭ തടവ്ശിക്ഷ രണ്ടു കൊല്ലമായി കുറച്ചു. ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ മൂന്ന് വര്‍ഷത്തേക്ക് പുറത്താക്കണമെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചു.
അന്നന്ന് കണ്ടതിനെ വാഴ്ത്തുന്നു മാമുനിമാര്‍ എന്ന് മഹാകവി; മാധ്യമപ്രവര്‍ത്തകരും. ഇകഴ്ത്തുന്നവരും അതേപടി. റാഗിങ്ങിനെത്തുടര്‍ന്ന് ഒരിടത്ത് ഒരു അത്യാഹിതം നടന്നതായറിയുമ്പോള്‍ അങ്ങോട്ട് ഓടിക്കൂടും. കുറേ ദിവസത്തേക്ക് നീണ്ട കഥയായി. ഇനിയൊരിക്കലും ഒരിടത്തും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകും. നിലവിലുള്ള ശിക്ഷ എന്താണെന്നല്ലേ, കുറ്റം ചെയ്തതായി തെളിയുന്ന പക്ഷം, രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും. ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഭാവിയില്‍ തുടര്‍പഠനം മൂന്നു വര്‍ഷത്തേക്ക് സാധ്യമല്ല. കേസ് തീരാന്‍ കാത്തുനില്‍ക്കാം.
ഈ ദുര്‍ബാധ ഒഴിവാകാന്‍ ഉച്ചാടനം ചെയ്യാന്‍ ഇത് മതിയാകുമോ? ഒരു കേസും ശിക്ഷാവിധിയും കഴിഞ്ഞാല്‍ കേള്‍ക്കാം ‘രാഗ്….രാഗ്…രാഗ്…തവളക്കരച്ചില്‍ എന്ന് തെറ്റിദ്ധരിക്കരുത്.
Super 👌