വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി; വാച്ചുമാന്റെ കന്നി മോഷണം തന്നെ പാളി, മുക്കുപണ്ടമാണെന്നു മനസ്സിലായത് പൊലീസ് പൊക്കിയപ്പോള്‍

കണ്ണൂര്‍: വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ വാച്ചുമാന്‍ അറസ്റ്റില്‍. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വാച്ചുമാനും മയ്യില്‍, നാറാത്തു സ്വദേശിയുമായ ഇബ്രാമി(41)നെയാണ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പള്ളിക്കുന്ന്, പുള്‍മുക്കിലെ കാര്‍ത്യായനി(71)യുടെ കഴുത്തില്‍ നിന്നാണ് സ്‌കൂട്ടറിലെത്തിയ ഇബ്രാഹിം മാല പൊട്ടിച്ചോടിയത്. കുടയും ചൂടി റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു കാര്‍ത്യായനി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ ആള്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയാണ് നഷ്ടമായതെന്നും ഇതിനു 2500 രൂപ മാത്രമേ വില വരുവെന്നും വയോധിക വ്യക്തമാക്കി. മുക്കു പണ്ടമാണെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ തന്നെയായിരുന്നു പൊലീസിന്റെ തീരുമാനം. സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാല പൊട്ടിച്ചെടുക്കുന്നതിന്റെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിം ആണ് മാല തട്ടിപ്പറിച്ചതെന്നു വ്യക്തമായത്. വ്യാഴാഴ്ച രാത്രിയോടെ ഇയാളെ തേടി പൊലീസ് വീട്ടിലെത്തി. ഈ സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഇബ്രാഹിം. പൊലീസ് വിളിച്ചുണര്‍ത്തി ചോദിച്ചപ്പോള്‍ മാല പൊട്ടിച്ചത് താനല്ലെന്നായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ കുറ്റം സമ്മതിക്കുകയും പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മാല എടുത്തു കൊടുക്കുകയും ചെയ്തു. ഈ സമയത്താണ് താന്‍ പൊട്ടിച്ചെടുത്തത് മുക്കു പണ്ടമാണെന്ന കാര്യം ഇബ്രാഹിം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ ആദ്യത്തെ ഉദ്യമം തന്നെ പാളിപ്പോയതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page