ഉപദേശം നല്‍കിയത് ഇഷ്ടപ്പെട്ടില്ല; അച്ഛനെ മകന്‍ മാതാവിന്റെ മുന്നില്‍ വച്ച് കുത്തിക്കൊന്നു

ബംഗ്‌ളൂരു: മയക്കുമരുന്നും മദ്യവും ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപദേശിച്ച അച്ഛനെ മകന്‍ മാതാവിന്റെ മുന്നില്‍ വച്ച് കുത്തിക്കൊന്നു. ബ്യാദരഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാലാജി നഗര്‍ തിഗലരപാളയയിലെ ചണബസവ (61) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അമിതി(26)നെ പൊലീസ് അറസ്റ്റു ചെയ്തു. ബിഎസ്എഫില്‍ ആയിരുന്ന ചണബസവയ്യ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്. അതിനു ശേഷം ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം തിഗലര പാളയയിലാണ് താമസം. ഡിഗ്രി വിദ്യാര്‍ത്ഥിയായ മകന്‍ അമിത് അമിതമായ മയക്കുമരുന്നിനു അടിമയായിരുന്നു. എല്ലാ ദിവസവും മദ്യപിച്ചാണ് വീട്ടില്‍ എത്തിയിരുന്നത്. ഇതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ അമിത് മാതാവിനോട് പണം ആവശ്യപ്പെട്ടു. പൈസയില്ലെന്നു പറഞ്ഞപ്പോള്‍ അമ്മയുടെ മാല കൈക്കലാക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞ ചണബസവ മദ്യവും മയക്കുമരുന്നും ഒഴിവാക്കി നല്ല ജോലി ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അമിത് കത്തിയെടുത്ത് പിതാവിന്റെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. കുത്തേറ്റു നിലത്തു വീണ ഇദ്ദേഹത്തെ ഭാര്യയും മകളും പരിസരവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page