എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ചില്‍ ഭൂമിയില്‍ തിരിച്ചെത്തും. മാര്‍ച്ച് 19-ന് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. മാര്‍ച്ച് 12-നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാര്‍ച്ച് 19-ന് തിരികെയെത്തുമെന്ന് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സുനിത വില്യംസും വില്‍മോറും പറയുന്നു. 2024 ജൂണ്‍ 5-നാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിലെ സാങ്കേതിക തകരാറുകള്‍ കാരണം മടക്കയാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ബഹിരാകാശ നിലയത്തിലേക്ക് എത്തിയപ്പോള്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തി. ഹീലിയം ചോര്‍ച്ചയും മറ്റ് ചില പ്രശ്‌നങ്ങളും കാരണം പേടകത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിലാണ് മടക്കയാത്ര വൈകിയത്. ഇപ്പോള്‍ 8 മാസത്തിന് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്സൂളാണ് സുനിതയെയും ബുച്ചിനെയും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ക്രൂ-10 ദൗത്യസംഘവുമായി ഡ്രാഗണ്‍ ക്യാപ്സൂള്‍ മാര്‍ച്ച് 12-ന് വിക്ഷേപിക്കും. ആറ് മാസത്തെ പുതിയ ദൗത്യത്തിനായി നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ-10 ദൗത്യത്തില്‍ നാസ അയക്കുന്നത്. നാസയുടെ ആന്‍ മക്ലൈന്‍, നിക്കോള്‍ എയേര്‍സ്, ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുടെ തക്കൂയ ഒനിഷി, റോസ്‌കോസ്മോസിന്റെ കിരില്‍ പെര്‍സോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇവര്‍ നിലയത്തിലെത്തി ഒരാഴ്ചയ്ക്കു ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 19-ന് ഭൂമിയിലേക്ക് മടങ്ങും. ഈ ദൗത്യം പൂര്‍ത്തിയാകുന്നതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡ് സുനിത വില്യംസ് കരസ്ഥമാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page