കൊച്ചി: ജൂൺ ഒന്ന് മുതൽ കേരളത്തിൽ സിനിമാ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. ജിഎസ്ടി, വിനോദ നികുതി, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിലാണ് നിർമാതാക്കൾ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്. സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും ജൂൺ ഒന്ന് മുതൽ നിർത്തിവെക്കുന്ന രീതിയിലാണ് സമരം. രീതിയിലാണ് സമരം.അഭിനേതാക്കൾ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡിന് ശേഷമാണ് താരങ്ങൾ പ്രതിഫലം ക്രമാതീതമായി കൂട്ടിയത്. മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം 700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ ഇറങ്ങിയ 28 ചിത്രങ്ങളിൽ ഒരു ചിത്രം മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. ജനുവരിയിൽ മാത്രം 101 കോടിയുടെ നഷ്ടം ഉണ്ടായി.സൂചനാ പണിമുടക്ക് നടത്തി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. നിർമാതാക്കളുടെ ആവശ്യങ്ങൾ നിരാകരിച്ച് മുന്നോട്ടു പോയാൽ താരങ്ങൾ നിർമിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റർ ഉടമകളും അറിയിച്ചു.
