നാലുകിലോ വ്യാജസ്വര്‍ണ്ണവുമായി യുവതീയുവാക്കള്‍ ചെറുവത്തൂരില്‍ പിടിയില്‍; നിധിയെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകനു വില്‍ക്കാന്‍ ശ്രമിച്ചു, ഓരോ മാലയ്ക്കും 2 കിലോ വീതം തൂക്കം, വിവിധ സ്ഥലങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടത്തിയതായി സംശയം

കാസര്‍കോട്: നാലുകിലോ വ്യാജ സ്വര്‍ണ്ണവുമായി യുവതീയുവാക്കള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, മാണ്ട്യ, സാഗര്‍ ശ്രീരംഗ പട്ടണത്തെ ധര്‍മ്മ (42), ശ്യാംലാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്. ശ്യാംലാലിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂക്കച്ചവടക്കാരാണ് മൂന്നുപേരും. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലാണ് ഇവര്‍ താമസം. മാലകള്‍ ഒരു സിനിമാ പ്രവര്‍ത്തകനു 15 ലക്ഷം രൂപയ്ക്കു വില്‍പ്പന നടത്താന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് സംഭവത്തിന്റെ തുടക്കം. ഈ വിവരം സിനിമാ പ്രവര്‍ത്തകന്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗം പ്രമോദിനെ അറിയിച്ചു. തുടര്‍ന്ന് പ്രമോദ് നാലു ദിവസങ്ങളായി രഹസ്യമായി അന്വേഷിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ എന്ന വ്യാജേന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തിയാണ് തട്ടിപ്പുകാരെ കണ്ടെത്തിയത്. തുടര്‍ന്ന് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, എസ്‌ഐ കെ. സതീഷ്, സ്‌ക്വാഡ് അംഗം പ്രമോദ്, പൊലീസുകാരായ ശ്രീജു, ശ്രീജിത്ത് കയ്യൂര്‍, ശരണ്യ, നരേന്ദ്രന്‍, അജേഷ്, സുരേഷ്, ഡ്രൈവര്‍ സുരേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. മണ്ണു കുഴിക്കുമ്പോള്‍ കിട്ടിയ നിധിയാണെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞത്. ചെമ്പിനു മുകളില്‍ അതിവിദഗ്ധമായി സ്വര്‍ണ്ണം പൂശിയ ആഭരണങ്ങളാണ് പിടിയിലായത്. സംഘം സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page