ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ എഴുപത്തിയേഴാമത് രക്തസാക്ഷിത്വ ദിനമാണിന്ന്. രാജ്യം സര്‍വോദയ ദിനമായാണ് ആചരിക്കുന്നത്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
മതസൗഹാര്‍ദ ദിനമായാണ് തമിഴ്നാട് ആചരിക്കുന്നത്. ജില്ല ആസ്ഥാനങ്ങളില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ആഗോളതലത്തില്‍ തന്നെ സാമൂഹ്യനീതി, അഹിംസ, സമാധാനം എന്നിവയുടെ സ്ഥാപനത്തിന് നാം ബാപ്പു എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന ഗാന്ധിജി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നിന് വേണ്ടി രാജ്യമെമ്പാടും ബ്രിട്ടീഷുകാര്‍ക്കെതിരെ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നേതൃ പങ്ക് വഹിച്ചു. അഹിംസയും സത്യഗ്രഹവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാര്‍ഗ ദീപമായി നിലക്കൊണ്ടു. രാമരാജ്യമായിരുന്നു ബാപ്പുജി സ്വപ്നം കണ്ടത്.
ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കിടെയാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. 1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിജിക്ക് നേരെ വധശ്രമങ്ങള്‍ ഉണ്ടായത്. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്സെയെ അറസ്റ്റുചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്തെയെയും വധശിക്ഷയ്ക്ക് വിധിച്ചു.
1949 നവംബര്‍ 15 ന് ഗോഡ്സെയെയും അപ്തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.
