ചെറുവത്തൂരില്‍ നിന്നും ബുള്ളറ്റ് മോഷ്ടിച്ച ശേഷം പയ്യന്നൂരിലെത്തി സ്‌കൂള്‍ കുത്തിതുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ചു, ഡ്രൈവറും പെയിന്റിങ് തൊഴിലാളിയും അറസ്റ്റില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ബൈക്കില്‍ പയ്യന്നൂരിലെത്തി സ്‌കൂള്‍ കുത്തിതുറന്ന് ലാപ്‌ടോപ്പും ക്യാമറയും കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍. കാങ്കോല്‍ കുണ്ടയം കൊവ്വല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഡ്രൈവര്‍ ഏ.ജി. ജമീല്‍ (36), പെയിന്റിംഗ് തൊഴിലാളി കുണ്ടയംകൊവ്വലിലെ നഫീസ മന്‍സിലിലെ എന്‍.പി.യഹ് യ(37) എന്നിവരെയാണ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ശ്രീഹരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ 12നു രാത്രിയിലായിരുന്നു സെന്‍ട്രല്‍ ബസാറിലെ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ മോഷണം നടന്നത്.
വിഎച്ച് എസ്.സി. വിഭാഗത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പും ക്യാമറയും മോഷ്ടിക്കുകയായിരുന്നു ഇരുവരും. തൊട്ടടുത്ത ക്ലാസ് മുറിയും കുത്തിത്തുറന്ന് ചുറ്റികയും ബനിയനും ഇവിടെ ഉപേക്ഷിച്ച് രാവിലെ ആറര മണിയോടെ സ്ഥലം വിടുകയായിരുന്നു. രണ്ടു മോഷ്ടാക്കളുടെയും വ്യക്തതയുള്ള നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. പതിമൂന്നിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്‌കൂളി ലെത്തിയ അധ്യാപകരാണ് ഓഫീസ് മുറി കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വിരലടയാളം ലഭിച്ചിരുന്നു. പന്ത്രണ്ടിന് രാത്രിയില്‍ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ സലാം ഹാജി ക്വാട്ടേര്‍സില്‍ താമസിക്കുന്ന പനയാല്‍ കരുവക്കോട് സ്വദേശി വി.പ്രകാശന്റെ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചാണ് പ്രതികള്‍ പയ്യന്നൂരില്‍ കവര്‍ച്ചക്കെത്തിയത്. മോഷ്ടിച്ച ബൈക്ക് പിന്നീട് പയ്യന്നൂരിലെ ഒരു ജ്വല്ലറിക്ക് മുന്നില്‍ ഉപേക്ഷിച്ചു. കവര്‍ച്ചയ്ക്ക് ശേഷം കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം. നാട്ടില്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ച പൊലീസ് ഇരുവരെയും കയ്യോടെ പിടികൂടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page