പത്തനംതിട്ട: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് കനാലില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍, നാക്കാലിയ്ക്കല്‍ എസ്.വി.ജി.എച്ച്.എസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പി.എ.പി കനാലില്‍ നിന്നു കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരമാണ് എസ്പിസി കാഡറ്റുകളായ രണ്ടു പേരെയും കനാലില്‍ കാണാതായത്. കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു കൂട്ടുകാരന്. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികളുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
