കാസര്‍കോട്: സ്‌നേഹത്തിനു പ്രതിഫലമായി സ്‌നേഹിത സംഘം ചേര്‍ന്നു സ്‌നേഹിച്ചയാളുടെ മാതൃസഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഹോക്കി സ്റ്റിക്കു കൊണ്ട് അവരുടെ കൈകളും കാലുകളും അടിച്ചു ചതച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ സ്‌നേഹിതനും ഹോക്കിസ്റ്റിക്കു കൊണ്ടുള്ള അടി ഏറ്റുവാങ്ങി.
ബദിയഡുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബേളയിലാണ് സംഭവം. 21ന് രാത്രി ഒമ്പതരക്ക് തന്റെ വീട്ടില്‍ ഇരച്ചു കയറിയ ഒരു യുവതിയുള്‍പ്പെട്ട അഞ്ചംഗ സംഘം ഹോക്കി സ്റ്റിക്കു കൊണ്ട് തന്നെ മനസാക്ഷിയില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു ബേള ഹൗസിലെ ജനാര്‍ദ്ദനന്റെ ഭാര്യ സുധാദേവി (47) ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. തന്റെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിയുടെ മകന്‍ ചേതന്‍ രാജി (26)നെയും അവര്‍ അടിച്ചു തെറുപ്പിച്ചു. പെണ്‍കുട്ടിയെ ചേതന്‍ രാജ് സ്‌നേഹിച്ചതിനുള്ള സമ്മാനമായാണ് യുവതി സംഘം ചേര്‍ന്നു വീടു കയറി അക്രമിച്ചതെന്നു പറയുന്നു. കാസര്‍കോടുകാരായ മഞ്ജു, ചന്ത്രു എന്നിവരും സ്‌നേഹിച്ച യുവതിയും അറിയാത്ത രണ്ടു പേരും ചേര്‍ന്നാണ് അടിച്ചതെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.