കാസര്‍കോട്: ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫി(29)ന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ. മരിച്ച യുവാവിന്റെ മാതാവ് സക്കീന മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉത്തം ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വഴിയാണ് മാതാവ് സക്കീന പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പിയെ നേരിട്ട് കണ്ടും പരാതി നല്‍കിയിരുന്നു. ജനുവരി 15ന് പുലര്‍ച്ചെയാണ് ആസിഫിനെ ടിപ്പര്‍ ലോറിക്കുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റെ ശരീരത്തില്‍ കണ്ട പരിക്കുകള്‍ സംശയങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കൂടാതെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇടുപ്പിലെ പൊട്ടലിനെ തുടര്‍ന്നുണ്ടായ ആന്തരീക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടിപ്പര്‍ ലോറിയില്‍ നിന്ന് ലാത്തിയുടെ കഷണം കണ്ടെത്തി എന്നും പരാതിയില്‍ പറയുന്നുണ്ട്. പൊലീസിന്റെ മര്‍ദ്ദനം നടന്നുവോ എന്നും വീട്ടുകാര്‍ സംശയിക്കുന്നു.