തിരുവനന്തപുരം: അന്‍വറിന്റെ പോരാട്ടം വന്യമൃഗങ്ങള്‍ക്കെതിരെയോ, അതോ സിപിഎം വന്യമൃഗങ്ങള്‍ക്കെതിരെയോ എന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍ ആരാഞ്ഞു.
ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെ പോരാട്ടമാരംഭിച്ച അന്‍വര്‍ വന്യമൃഗങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് എം.എല്‍.എ സ്ഥാനത്തു നിന്നുള്ള രാജിയെന്നു പറയുന്നു. ഇന്‍ഡി മുന്നണിയുമായി സഹകരിക്കുമെന്നു പറയുന്ന അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ഇന്‍ഡി മുന്നണിയുമായി സഹകരിക്കാതായിട്ടു കുറേക്കാലമായെന്ന് ഇതുവരെ അറിഞ്ഞില്ലേ എന്നു മുരളീധരന്‍ ചോദിച്ചു.
സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്‌ഐ.ഒ കണ്ടെത്തല്‍ ഗുരുതരമാണെന്നു അദ്ദേഹം പറഞ്ഞു. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ചു മുഖ്യമന്ത്രി മൗനം വെടിയണമെന്നു മുരളീധരന്‍ ആവശ്യപ്പെട്ടു.
കരിമണല്‍ കമ്പനി ഏതു സേവനത്തിനാണ് വീണാവിജയനു കോടികള്‍ നല്‍കിയതെന്നതിനെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം-മുരളീധരന്‍ പറഞ്ഞു.
