മംഗ്‌ളൂരു: കാത്തിരിപ്പിനൊടുവില്‍ തേജ-ബാനത്ത് ദുര്‍ഗ്ഗ ദമ്പതികള്‍ക്ക് പിറന്നത് നാലു കണ്‍മണികള്‍. അമ്മയും കുഞ്ഞുങ്ങളും മംഗ്‌ളൂരു, കങ്കനാടിയിലെ ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ സുഖമായി കഴിയുന്നു. തെലുങ്കാന സ്വദേശികളാണ് തേജ-ബാനത്ത് ദുര്‍ഗ്ഗ ദമ്പതികള്‍. തേജ മംഗ്‌ളൂരുവില്‍ റെയില്‍വെ ജീവനക്കാരനാണ്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ് കുറച്ചു കാലമായെങ്കിലും കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. നീണ്ട കാലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ബാനത്ത് ദുര്‍ഗ്ഗ ഗര്‍ഭം ധരിച്ചത്. ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ജോയല്‍ അല്‍മേഡയാണ് വൈദ്യസഹായം ചെയ്തത്. നേരത്തെ നടത്തിയ സ്‌കാനിംഗില്‍ നാലു കുട്ടികള്‍ ഉള്ളതായി വ്യക്തമായിരുന്നു. അതിനാല്‍ നിശ്ചിത ഗര്‍ഭകാലത്തിനു മുമ്പു തന്നെ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതു പ്രകാരമാണ് ശസ്ത്രക്രിയ നടത്തി നാലു കുട്ടികളെയും പുറത്തെടുത്തത്. രണ്ടു ആണും രണ്ടു പെണ്ണുമാണ് കുട്ടികള്‍.ഏഴുലക്ഷം പേരില്‍ ഒരാള്‍ ഇത്തരത്തില്‍ ഒരേ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാറുണ്ടെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോയല്‍ അല്‍മേഡ പറഞ്ഞു.