നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം അക്രമത്തില്‍ കലാശിച്ചു: കാസര്‍കോട് സ്വദേശിക്ക് തളിപ്പറമ്പില്‍ കുത്തേറ്റു, സാരമായി പരിക്കേറ്റ ജാഫര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

attempt murder

കണ്ണൂര്‍: നിസ്സാര പ്രശ്നത്തെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം അക്രമത്തിലും കുത്തിലും കലാശിച്ചു. ചില്ലുകൊണ്ട് കുത്തേറ്റ നിലയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ ജാഫറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കണ്ടക്ടറായ കണ്ണാടിപ്പറമ്പ് സ്വദേശി പ്രിന്‍സിനെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ പിപി വേ ബ്രിഡ്ജിന്റെ വാഹന പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം.
പ്രിന്‍സ് കണ്ടക്ടറായി ജോലി നോക്കുന്ന സ്വകാര്യ ബസ് നന്ദു എന്നയാളാണ് കഴുകാറ്. ഇനി മുതല്‍ നന്ദു തന്റെ ബസ് കഴുകേണ്ടതില്ലെന്ന് പ്രിന്‍സ് പറഞ്ഞുവത്രെ. അതിനുശേഷം പ്രിന്‍സ് തന്റെ ബസ്സില്‍ കയറി കിടന്നു. ഈ സമയം സ്ഥലത്ത് ജാഫറിന്റെ ലോറി പാര്‍ക്ക് ചെയ്തിരുന്നു. നന്ദുവും പ്രിന്‍സും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ ജാഫര്‍ ഇടപെട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. പ്രിന്‍സിനെ ജാഫര്‍ പിടിച്ചുതള്ളിയപ്പോള്‍ അടച്ചിട്ട വേ ബ്രിഡ്ജ് ഓഫീസിന്റെ ഗ്ലാസ്വാതിലില്‍ വീഴുകയും ഗ്ലാസ് പൊട്ടി തനിക്ക് പരിക്കേറ്റുവെന്നുമാണ് പ്രിന്‍സ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊട്ടിക്കിടന്ന ഗ്ലാസ് കഷ്ണമെടുത്ത് ജാഫറിനെ പ്രിന്‍സ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അതിനു ശേഷം മാത്രമേ നിജസ്ഥിതി വ്യക്തമാവുകയുള്ളുവെന്നും പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page