750 കോടി രൂപ ചെലവില്‍ 2 ടൗണ്‍ഷിപ്പുകള്‍; വയനാട് പുനരധിവാസത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുക. കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ അഞ്ച് സെന്റിലായിരിക്കും വീട് നിര്‍മാണം. റോഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും.
നെടുമ്പാലയിലെ ടൗണ്‍ഷിപ്പില്‍ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയില്‍ മുകളില്‍ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും ചീഫ് സെക്രട്ടറി ശാദരാ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചത്.
അങ്കണവാടി, സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ്, പാര്‍ക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗണ്‍ഷിപ്പില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത്. വീട് വച്ച് നല്‍കല്‍ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പുനരധിവാസത്തിന്റെ നിര്‍മാണച്ചുമതല. കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5, ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്- പത്ത് സെന്റുകള്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മാണ സമിതിക്കാണ് പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തില്‍ പ്രോജക്ട് നടപ്പാക്കല്‍ സമിതിയുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും സ്പോണ്‍സര്‍മാരും ഉള്‍പ്പെടെ ഉപദേശകസമിതിയും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan-press-meet-updatse

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page