പുതുവത്സരാഘോഷം ആദ്യം ആരു നിര്‍ത്തുമെന്നതിനെച്ചൊല്ലി തര്‍ക്കം; സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, 56 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന തളിപ്പറമ്പ്, കീഴാറ്റൂര്‍ മാന്ധംകുണ്ടില്‍ സംഘര്‍ഷം. പുതുവത്സരാഘോഷത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളിലുംപ്പെട്ട 56 പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
കീഴാറ്റൂര്‍, മാന്ധംകുണ്ടില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണി വരെ നീണ്ടുനിന്നു. 12 മണിക്ക് അവസാനിപ്പിക്കേണ്ടതായിരുന്നു പരിപാടികള്‍. എന്നാല്‍ രണ്ടു കൂട്ടരും പരിപാടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒരു വിഭാഗം അവസാനിപ്പിച്ചാലെ തങ്ങളുടെ പരിപാടി അവസാനിപ്പിക്കുകയുള്ളൂ എന്ന് മറുവിഭാഗവും വാശിപിടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഐ പ്രവര്‍ത്തകര്‍ തങ്ങളുടെ ക്ലബ്ബിനു മുന്നിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. പരിപാടി കഴിഞ്ഞ് പോകുന്നതിനിടയില്‍ മഹിളാസംഘം മണ്ഡലം പ്രസിഡണ്ട് ടി ഒ സരിതയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും താക്കോല്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങിയതായും സിപിഐ ആരോപിച്ചു. പൊലീസ് എത്തിയാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരെയും സ്ഥലത്ത് നിന്നും മാറ്റിയത്. സംഭവത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മകന്‍ അമല്‍, സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവര്‍ക്കും സിപിഎം പ്രവര്‍ത്തകരായ രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കും ഉള്‍പ്പെടെ 56 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page