കാസര്‍കോട്: ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡിസംബര്‍ എട്ടിനാണ് കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സ്ഥിതിയില്‍ മാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പിന്നീട് കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയിലും പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം കാഞ്ഞങ്ങാട്ട് വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
