ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു; വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖ്

കല്‍പ്പറ്റ: കെ റഫീഖിനെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഗഗാറിന്‍ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നെന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തില്‍ നിന്നും ലഭിക്കുന്ന വിവരം. 27 അംഗ ജില്ലാ കമ്മിറ്റിയില്‍ 16 പേര്‍ റഫീഖിനെ പിന്തുണച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തില്‍ പി ഗഗാറിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. എന്നാല്‍ കെ റഫീഖിനെ സമ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തുവെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കിയത്.
പി ഗഗാറിന്‍, ഒആര്‍ കേളു, പിവി സഹദേവന്‍, വിവി ബേബി, എഎന്‍ പ്രഭാകരന്‍, കെ റഫീഖ്, പികെ സുരേഷ്, വി ഉഷാകുമാരി, കെ സുഗതന്‍, വി ഹാരിസ്, കെഎം ഫ്രാന്‍സിസ്, പിആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, ബീന വിജയന്‍, പി വാസുദേവന്‍, പികെ രാമചന്ദ്രന്‍, എം സെയ്ത്, ജോബിസണ്‍ ജെയിംസ്, എ ജോണി, എംഎസ് സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്‌മണ്യന്‍, പിടി ബിജു, എം മധു, സി യൂസഫ്, എന്‍പി കുഞ്ഞുമോള്‍, പിഎം നാസര്‍, ടികെ പുഷ്പന്‍ എന്നിവരെ നേരത്തെ സമ്മേളനം വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.
വയനാടിന്റെ വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് കൂട്ടായനേതൃത്വമാണ്, വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. ഉത്തരവാദിത്തം കൂട്ടായി നിര്‍വഹിക്കുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page