പാലക്കാട്: വിവാഹച്ചടങ്ങിന് ഒരേപോലുള്ള വസ്ത്രം ധരിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ വാഹനങ്ങള്‍ 15 അംഗ അക്രമിസംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. വിവാഹത്തിന് അണിയാനുള്ള ഡ്രെസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി മന്‍സൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ അടക്കം എട്ട് വാഹനങ്ങളാണ് നശിപ്പിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമം തടഞ്ഞതോടെ അക്രമിസംഘം വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നുമാണ് മന്‍സൂര്‍ ആരോപിക്കുന്നത്. കല്യാണത്തിന് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ഡ്രെസ് കോഡ് തീരുമാനിച്ചിരുന്നു. ഇതിനായി പണം കൊടുക്കാന്‍ മന്‍സൂറിന്റെ സഹോദരന്‍ ഉള്‍പ്പെടെ ചിലര്‍ വൈകി. ഇതോടെ സുഹൃത്തുക്കളില്‍ ഒരാള്‍ രാത്രി ഒരുമണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറിവന്ന് പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരുമായി വന്ന് മന്‍സൂറിന്റെ സഹോദരനെ തല്ലുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പിലാക്കിയിരുന്നു. എന്നാല്‍ വീണ്ടും ഒരാള്‍ പ്രശ്‌നം ഉണ്ടാക്കിയതോടെ മന്‍സൂര്‍ പൊലീസിനെ സമീപിച്ചു. വെള്ളിയാഴ്ച വൈകിട്ട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വീട്ടില്‍വന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് മന്‍സൂറിന്റെ സഹോദരന്‍ പറഞ്ഞു. 15 ഓളം പേരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം വിവരം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് ഭീതിയിലാണ് മന്‍സൂറിന്റെ കുടുംബം.
